ഉപ്പള :മംഗൽപാടി ഗ്രാമ പഞ്ചായത്തിന് കീഴിൽ 17 വർഷം മുമ്പ് കൊട്ടിഘോഷിച്ചു തുടങ്ങിയ കുബണുർ മാലിന്യ സംസ്കരണ പ്ലാന്റ് നോക്കു കുത്തിയാവുന്നു.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന് നിക്ഷേപിക്കുന്ന ജൈവ -അജൈവ മാലിന്യങ്ങൾ ഇവിടെ കുന്നു കൂട്ടിയിട്ടിരിക്കുകയാണ്.മൂക്ക് പൊത്താതെ ഇത് വഴി കടന്ന് പോകാൻ പറ്റാതെ നാട്ടുകാർ ദുർഗതിയിലാണ്.
ഈ മാലിന്യങ്ങൾ സംസ്കരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണം എന്നാവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്ക് മംഗൽപാടി ജനകീയവേദി പ്രവർത്തകർ നിവേദനം നൽകി.
17 വർഷം മുമ്പ് കേരളത്തിലെ രണ്ടാമത്തെ മാലിന്യസംസ്കരണ പ്ലാന്റ് ആയി ഇവിടെ പ്രവർത്തനം ആരംഭിച്ച ഈ പ്ലാന്റിൽ മാറിമാറിവന്ന ഭരണസമിതി ഇതുവരെ വൈദ്യുത കണക്ഷൻ ലഭ്യമാക്കാനുള്ള ചെറുവിരൽ പോലും അനക്കിയില്ല എന്നുള്ളത്, ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ജനകീയവേദി പ്രവർത്തകർ നിവേദനത്തിൽ പറഞ്ഞു. വിവിധ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ പോലും പഞ്ചായത്ത് അധികൃതർ മാലിന്യസംസ്കരണ പ്ലാന്റിനെ കുറിച്ച് യാതൊരു ചിന്തയും നടത്തുന്നില്ലെന്നും ഇവർ ആരോപിച്ചു.
ജനകീയ വേദി പ്രവർത്തകരായ സിദ്ദിഖ് കൈകമ്പ, ഷംസു കുബനൂർ,മഹമൂദ് കൈകമ്പ എന്നിവരാണ് നിവേദനം നൽകിയത്.


