കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തുകയും കോഴ നല്‍കുകയും ചെയ്തെന്ന കേസില്‍ ബി.ജെ.പി സംസ്ഥാനസമിതിയംഗം അഡ്വ. വി. ബാലകൃഷ്ണ ഷെട്ടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
ഇന്നലെ രാവിലെയാണ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിനൊപ്പം ബാലകൃഷ്ണഷെട്ടി കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. രണ്ടുതവണ നോട്ടീസയച്ചിട്ടും മഞ്ചേശ്വരത്തെ ബി.ജെ.പിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായിരുന്ന ബാലകൃഷ്ണ ഷെട്ടി ഹാജരായിരുന്നില്ല. ഇവിടെ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മാത്രമാണ് നിലവില്‍ പ്രതി.
ബാലകൃഷ്ണഷെട്ടിയെ ഡിവൈ.എസ്. പി സതീഷ് കുമാര്‍ ആലക്കലിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യംചെയ്തു മൊഴിയെടുത്തു. പ്രാദേശിക നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. നേതാവായ സുരേഷ്‌കുമാര്‍ ഷെട്ടിക്കും നോട്ടീസ് അയച്ചെങ്കിലും ഹാജരായിട്ടില്ല. ആരോപണ വിധേയരായ മുഴുവന്‍ നേതാക്കളെയും ചോദ്യം ചെയ്തശേഷം നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കോഴ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ കെ. സുന്ദര അടക്കമുള്ള സാക്ഷികളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

മഞ്ചേശ്വരം കോഴക്കേസ്;. ബി.ജെ.പി സംസ്ഥാനസമിതിയംഗം അഡ്വ. വി. ബാലകൃഷ്ണ ഷെട്ടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
Read Time:2 Minute, 5 Second