കാസർകോട്: കോവിഡ് രണ്ടാം തരംഗത്തെ തുടർന്നു കഴിഞ്ഞ മെയ് മാസത്തിൽ ഏർപ്പെടുത്തിയ ലോക് ഡൗണിൽ സർക്കാർ കാര്യമായ ഇളവുകൾ വരുത്തുകയും പൊതുവാഹനങ്ങൾ, മദ്യഷാപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ആളുകൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി ഒരുമിച്ച് കൂടാൻ അനുമതി ലഭിക്കുകയും ചെയ്തിട്ടും മുസ്ലിം ആരാധനാലയങ്ങളിൽ നിശ്ചിത തോതിൽ വിശ്വാസികൾക്ക് അവരുടെ മതാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ അവസരം നൽകാത്തത് ദുരൂഹവും ദൗർഭാഗ്യകരവുമാണെന്ന് സമസ്ത കേന്ദ്ര വൈസ് പ്രസിഡൻറ് യുഎം അബ്ദുർ റഹ് മാൻ മൗലവി പ്രസ്താവിച്ചു.
മുസ് ലിംകൾക്ക് മസ്ജിദുകളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും ബലി പെരുന്നാൾ നമസ്കാരത്തിനും കോവിഡ് ചട്ടങ്ങൾ പാലിച്ച് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം കാസർകോട് കലക്ടറേറ്റ് പടിക്കൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു, അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡൻ്റ് എം എസ് തങ്ങൾ മദനി അധ്യക്ഷത വഹിച്ചു. വർക്കിങ്ങ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി സ്വാഗതം പറഞ്ഞു. സിദ്ദീഖ് നദ് വി ചേരൂർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പോഷക സംഘടനകളെ പ്രതിനിധീകരിച്ചു ഹുസൈൻ തങ്ങൾ ( ജംഇയ്യത്തുൽ മുഅല്ലിമീൻ ), കല്ലട്ര അബ്ബാസ് ഹാജി(എസ് എം എഫ്), മൊയ്തു മൗലവി ചെർക്കള (എസ് വൈ എസ് ) ഇർശാദ് ഹുദവി ബെദിരെ ( എസ് കെ എസ് എസ് എഫ്) ഇ അബ്ബാസ് ഫൈസി പ്രസംഗിച്ചു. ബശീർ ദാരിമി നന്ദി പറഞ്ഞു.