കോഴിക്കോട്: മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ സമയം നീട്ടി നല്കി സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന തീരുമാനത്തിലേക്ക് നീങ്ങിയത്.
അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചവര്‍ക്ക് 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരമുള്ള ശിക്ഷകളില്‍ നിന്നും പിഴയില്‍ നിന്നും താത്ക്കാലികമായി ഇളവുനല്‍കി കൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.
ജൂണ്‍ മുപ്പത്തിനുള്ളില്‍ കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുകയാണെങ്കില്‍ ശിക്ഷയും പിഴയും വാങ്ങേണ്ടതില്ല. അല്ലാത്തപക്ഷം രണ്ടും ബാധകമാണ്.
കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാര്‍, ആദായ നികുതി നല്കുന്നവര്, സര്‍വ്വീസ് പെന്ഷന് ലഭിക്കുന്നവര്‍, റേഷന്‍കാര്‍ഡില്‍ പേരുള്ള എല്ലാവര്‍ക്കുംകൂടി പ്രതിമാസം 25000 രൂപ വരുമാനമുള്ള കുടുംബങ്ങള്‍, എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരു ഏക്കറിലധികം ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീട് ഉള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍ എന്നിവര്‍ ജൂണ്‍ 30 നുള്ളില്‍ റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റിയിരിക്കണം. അപേക്ഷകള്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലോ, റേഷന്‍കടകളിലോ നല്‍കാം. താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം.
അതേസമയം, ജൂണ്‍ 30 നകം റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാത്ത അനര്‍ഹരായ കാര്‍ഡുടമകളില്‍ നിന്നും ഇതുവരെ കൈപ്പറ്റിയ ഭക്ഷ്യ സാധനങ്ങളുടെയും മണ്ണെണ്ണയുടെയും വിപണി വിലയുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുമെന്നും ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂണ്‍ മുപ്പത്തിന് ശേഷമാണ് കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതെങ്കില്‍ അത്തരക്കാര്‍ക്കും പിഴയിളവ് ലഭിക്കില്ല.