കാസറഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ അധികൃതർ ഒരുക്കങ്ങൾ തുടങ്ങി.ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്ലൈയിംഗ് സ്ക്വാഡുകൾ രൂപീകരിക്കുകയും പ്രചാരണത്തിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മൈതാനങ്ങൾ അനുവദിക്കുകയും ചെയ്തു.
സീനിയർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്ലെയിംഗ് സ്ക്വാഡിൽ ഒരു സീനിയർ പോലീസ് ഓഫീസർ,സായുധ പോലീസ് ഉദ്യോഗസ്ഥർ,വീഡിയോ ഗ്രാഫർ എന്നിവരടങ്ങുന്ന അഞ്ച് ഫ്ലെയിംഗ് സ്ക്വാഡുകളാണ് തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ക്ഷിക്കുന്നതിന് വേണ്ടി ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
മഞ്ചേശ്വരം മണ്ഡലത്തിൽ കാസറഗോഡ് എസ് ജി എസ് ടി ജോയിന്റ് കമ്മീഷണർ ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസർ മൈല നായിക്,കാസറഗോഡ് മണ്ഡലത്തിൽ കാസറഗോഡ് എസ് ജി എസ് ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ കെ രാജേന്ദ്ര,ഉദുമ മണ്ഡലത്തിൽ ഹൊസ്ദുർഗ് സ്റ്റേറ്റ് ടാക്സ് ഓഫീസർ പി.വി രത്നാകരൻ,കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഹൊസ്ദുർഗ് സ്റ്റേറ്റ് ടാക്സ് ഓഫീസർ വി സജിത്ത് കുമാർ ,തൃക്കരിപ്പൂർ മണ്ഡലത്തിൽ കാസറഗോഡ് റീസർവേ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് തമ്പാൻ എന്നിവർ സ്ക്വാഡിന് നേതൃത്വം നൽകും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലുള്ള അനധികൃത പണമിടപാടുകൾ,മദ്യ വിതരണം,മറ്റേതെങ്കിലും തരത്തിൽ വോട്ടർമാർക്ക് കൈക്കൂലി നൽകൽ എന്നിവ സ്ക്വാഡുകൾ നിരീക്ഷിക്കും.
മഞ്ചേശ്വരം മണ്ഡലത്തിൽ പ്രചാരണത്തിനായി മണ്ണംകുഴി ഗ്രൗണ്ട്,ജി.എച്ച്.എച്ച്.എസ് പൈവളികെ നഗർ സ്കൂൾ ഗ്രൗണ്ട്,എസ്.എൻ.എച്ച്.എസ് പെർള സ്കൂൾ ഗ്രൗണ്ട്,ജി.എച്ച്.എസ്.എസ് വിദ്യാ വർധക മിയാപദവ് ഗ്രൗണ്ട്,സെന്റ് ജോസഫ് സ്കൂൾ മജീർപളള മൈതാനം എന്നി മൈതാനങ്ങളാണ് അനുവദിച്ചത്.