ബന്തിയോട്: മംഗൽപാടി പഞ്ചായത്തിലെ കൂബണൂർ പ്ലാന്റിൽ എത്തിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ പ്ലാന്റിനകത്തേക്കുള്ള പ്രവേശന കവാടം അടച്ചു പൂട്ടി.
ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇക്ബാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ പഞ്ചായത്ത് മെമ്പർമാരായ മജീദ് പച്ചമ്പള, വിജയകുമാർ റൈ എന്നിവരെയും നാട്ടുകാർ പ്രതിഷേധം അറിയിച്ചു. തൊഴിലാളികളെയും, മാലിന്യം നിറച്ചു വന്ന വാഹനത്തെയും നാട്ടുകാർ തിരിച്ചയച്ചു.
വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ തന്നെ രണ്ടാമത്തെ മാലിന്യ സംസ്കരണ പ്ലാന്റ് എന്ന പേരിൽ ഉദ്ഘാടനം ചെയ്ത കുബണൂർ പ്ലാന്റിൽ കൊണ്ട് വന്ന് വെച്ച മിഷനറികൾ പോലും ഇത് വരെ പ്രവർത്തിപ്പിക്കാതെ തുരുമ്പെടുത്ത് നശിക്കുകയാണ്.
ദിനേന കൊണ്ട് വരുന്ന മാലിന്യങ്ങൾ കൊണ്ട് വന്ന് ഇവിടെ തള്ളി കുന്ന് കൂടുകയും നാട്ടുകാരുടെ ആരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്നുവെന്നാണ് പരാതി.
മറ്റു പഞ്ചായത്തുകളിലെ മാലിന്യവും ഇവിടെ കൊണ്ടു വന്നു നിക്ഷേപിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പതിവ് പല്ലവിപോലെ ജനപ്രതിനിധികൾ വന്ന് പോകുന്ന നാടകമാണ് ഇന്നും നടന്നതെന്നും പറയപ്പെടുന്നു.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിന് നാട്ടുകാർ നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി.