തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസിലെ ലഗ്ഗേജ് വാനില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. രാവിലെ 7.45-ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം. മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സപ്രസിലാണ് തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി തീയണയ്ക്കുകയായിരുന്നു.
നിലവില്‍ വര്‍ക്കലയില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. പാഴ്സല്‍ ബോഗിയിലുണ്ടായിരുന്ന ബൈക്കുകള്‍ ഉരസിയുണ്ടായ പുകയാണ് അപകടം കാരണമെന്ന് കരുതുന്നു.
പുകയുയരുന്നത് കണ്ട യാത്രക്കാരന് ചങ്ങല വലിച്ച് റെയില്‍വേ അധികൃതരെ കാര്യം അറിയിക്കുകയായിരുന്നു.
ആദ്യം ഓടിയെത്തിയ നാട്ടുകാരാണ് തീയണയ്ക്കാന്‍ ശ്രമം നടത്തിയത്. പിന്നാലെ അഗ്നിശമന സേനയും സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളില്‍ തീയണയ്ക്കാന്‍ കഴിഞ്ഞു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്താന്‍ കഴിഞ്ഞതോടെ തീപടരാനുള്ള സാധ്യത തടഞ്ഞു.