ബെംഗളുരു: ഇലക്‌ട്രിക്ക് കാര്‍ നിര്‍മ്മാണ രംഗത്തെ വമ്ബന്മാരായ ടെസ്ല ഇന്ത്യയില്‍ ഓഫീസ് ആരംഭിച്ചു. 2021ല്‍ കമ്ബനി ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ തുടക്കം എന്ന നിലയിലാണ് ബെംഗളുരുവില്‍ പുതിയ കമ്ബനി ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ടെസ്ലലയുടെ ഇന്ത്യന്‍ ഘടകം ‘ടെസ്ല ഇന്ത്യ മോട്ടോര്‍സ് ആന്‍റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
പുതിയ വിവരങ്ങള്‍ ട്വീറ്റിലൂടെ പുറത്തുവിട്ടത് ടെസ്ല ക്ലബ് ഇന്ത്യയാണ്. കമ്ബനിയുടെ റജിസ്ട്രേഷന്‍ ജനുവരി എട്ടിനാണ് പൂര്‍ത്തിയായത് എന്ന് രേഖകള്‍ പറയുന്നു. രണ്ട് ഇന്ത്യന്‍ ഡയറക്ടര്‍മാര്‍ അടക്കം മൂന്ന് ഡയറക്ടര്‍മാരാണ് ടെസ്ലയുടെ ഇന്ത്യന്‍ വിഭാഗത്തിന് ഇപ്പോള്‍ ലഭിക്കുന്ന വിവരപ്രകാരം ഉള്ളത്.
ഇതില്‍ വിദേശിയായ ഡേവിഡ് ജോന്‍ ഫെനന്‍സ്റ്റീന്‍ ടെസ്ല ഗ്ലോബല്‍ സീനിയര്‍ ഡയറക്ടറാണ്. വൈഭവ് തനേജ, വി ശ്രീറാം എന്നിവരാണ് മറ്റ് രണ്ട് ഡയറക്ടേര്‍സ്. ഇതില്‍ വൈഭവ് ടെസ്ലയുടെ തന്നെ അക്കൌണ്ടിംഗ് ഓഫീസറാണ്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയും ടെസ്ലയെയും ടെസ്ല മുതലാളി ഇലോണ്‍ മസ്കിനെയും സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ബെംഗളൂര്‍ സിറ്റിയുടെ ഹൃദയഭാഗത്ത് തന്നെയാണ് ടെസ്ലയുടെ പുതിയ ഇന്ത്യന്‍ ഓഫീസ്. ബെംഗളൂര്‍ യുബി സിറ്റിയില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് ഇത്. ആദ്യഘട്ടത്തില്‍ അമേരിക്കന്‍ നിര്‍മ്മിത ടെസ്ലകാറിന്‍റെ ഇന്ത്യയിലെ വില്‍പ്പനയിലായിരിക്കും ടെസ്ല ശ്രദ്ധിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ ലഭിക്കുന്ന പ്രതികരണം അനുസരിച്ച് ഇന്ത്യയില്‍ ടെസ്ല കാര്‍ നിര്‍മ്മാണ ശ്രമങ്ങള്‍ ആരംഭിച്ചേക്കും. ടെസ്ലയുടെ മോഡല്‍ ത്രീ അയിരിക്കും ഇന്ത്യയില്‍ ആദ്യം എത്തുന്ന മോഡല്‍ എന്നാണ് വിവരം. ഇതിന് ഇന്ത്യന്‍ രൂപയില്‍ 55 ലക്ഷത്തിന് അടുത്താണ് വില എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.