ഉപ്പള: നേരത്തെ ഫാസ്റ്റ് പാസഞ്ചറായി ഓടിയിരുന്ന മംഗളൂരു-കോയമ്പത്തൂർ/കോയമ്പത്തൂർ-മംഗളൂരു ട്രെയിനുകൾ ഇനി മുതൽ എക്സ്പ്രസ്സ് ട്രെയിനായി ഓടും. പാസഞ്ചർ തീവണ്ടികൾ ലാഭകരമല്ലെന്ന റെയിൽവേയുടെ നിരീക്ഷണത്തിന്റെ പുറത്താണ് പുതിയ തീരുമാനം. രാജ്യത്ത് 358ഓളം പാസ്സഞ്ചർ തീവണ്ടികൾ ഇതിന്റെ ഭാഗമായി എക്സ്പ്രസ്സ് ട്രെയിനുകളാക്കി മാറ്റി. ഇതിൽ 36 ട്രെയിനുകൾ സതേൺ റെയിൽവേയുടെ കീഴിലുള്ളതാണ്. ഇതിൽ പത്ത് ട്രെയിനുകൾ കേരളത്തിലൂടെ ഓടുന്നവയാണ്.
കോവിഡ് കാരണം നിർത്തിവച്ച ട്രെയിൻ സർവീസുകളിൽ എക്സ്പ്രസ്സ് ട്രെയിനുകളാണ് ഇപ്പോൾ ഓരോന്നായി സർവീസ് ആരംഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പാസഞ്ചർ ട്രെയികൾ പുനരാരംഭിക്കുന്നതിൽ റെയിൽവെ ഇതു വരെ തീരുമാനമെടുത്തിട്ടില്ല. എക്സ്പ്രസ്സ് ട്രെയിനുകളിലെ ജനറൽ കോച്ചുകൾക്ക് പകരം സെക്കന്റ് ക്ലാസ്സ് കോച്ചുകൾ ഘടിപ്പിച്ചാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.
പത്ത് സെക്കന്റ് ക്ലാസ്സ് കോച്ചുകളും രണ്ട് എ.സി ചെയർ കാർ(എ. സി സിറ്റിംഗ്) കോച്ചുകളും, രണ്ട് ഡിസേബിൾഡ് കം ലഗേജ് കോച്ചുകളും അടങ്ങിയതാണ് പുതിയ ട്രെയിനിന്റെ ഘടന.
ഫാസ്റ്റ് പാസ്സഞ്ചറിന് നേരത്തെ ഉണ്ടായിരുന്ന കളനാട്, ചിറക്കൽ, മുക്കാളി, നാദാപുരം റോഡ്, മണ്ണന്നൂർ, പാലപ്പുറം, മങ്കര എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കിയാണ് സ്പെഷ്യൽ ട്രെയിൻ ഓടുന്നത്.
കോയമ്പത്തൂരിലേക്കുള്ള വണ്ടി രാവിലെ 9ന് മംഗലാപുരത്തു നിന്ന് പുറപ്പെടും. 09:35 ന് ഉപ്പളയിൽ എത്തും. തിരിച്ച് മംഗലാപുരത്തേക്കുള്ള വണ്ടി വൈകിട്ട് 05:54 ന് ഉപ്പളയിൽ എത്തും. 06:50ന് മംഗലാപുരത്ത് എത്തും.
സ്പെഷ്യൽ സർവീസായതിനാൽ 45 രൂപയാണ് സെക്കന്റ് ക്ലാസ്സിന്റെ മിനിമം ചാർജ്. കോവിഡ് കാരണം കൗണ്ടർ വഴിയുള്ള ടിക്കറ്റ് വിതരണം പഴയ രീതിയിൽ ആരംഭിക്കാത്തത് കാരണം ഓൺലൈനിലും പ്രധാന സ്റ്റേഷനുകളിലും മാത്രമാണ് ടിക്കറ്റ് ലഭ്യമാകുക.
സാധാരണക്കാർക്ക് പ്രത്യേകിച്ച് ഹൃസ്വദൂര യാത്രക്കാർക്ക് ഏറെ ലാഭകരമായിരുന്നു പഴയ ഫാസ്റ്റ് പാസഞ്ചർ സർവീസ്. ട്രെയിൻ സർവീസുകൾ പഴയ പടി ആകുമ്പോൾ കണ്ണൂർ-മംഗളൂരു റൂട്ടിൽ മെമു സർവീസ് ആരംഭിക്കുകയോ വേറെ ട്രെയിൻ അനുവദിക്കുകയോ ചെയ്യണമെന്നും ഉപ്പളയിലെ റിസർവേഷൻ സൗകര്യം എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നും സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.