തിരുവനന്തപുരം: ആസന്നമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രവര്‍ഗ്ഗീയ മുഖമുള്ള സ്ഥാനാര്‍ഥികളെ കൂടുതല്‍ രംഗത്തിറക്കാന്‍ ബിജെപി തീരുമാനം. ഉത്തരേന്ത്യന്‍ മാതൃകയില്‍ ശക്തമായ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണു നീക്കം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത കരടു സ്ഥാനാര്‍ഥി പട്ടികയില്‍ കടുത്ത വിദ്വേഷ പ്രചാരകര്‍ക്കാണ് പ്രാമുഖ്യം.
ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, മുന്‍ ഡിജിപി ടി പി സെന്‍ കുമാര്‍, വത്സന് തില്ലങ്കരിയടക്കമുള്ളവര് പ്രഥമ പരിഗണയില്‍ ഇടം നേടിയത് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തീവ്ര ഹിന്ദുത്വ അജണ്ട വ്യക്തമാക്കുന്നു.
കെ പി ശശികലയെ പാലക്കാട്ടാണ് പരിഗണിക്കുന്നത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ പാലക്കാട് നിന്ന് കാട്ടാക്കടയിലേക്ക് മാറ്റുമെന്ന് സൂചന. ശോഭക്ക് പകരം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ പാലക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ പാലക്കാട് മല്‍സരിച്ച ശോഭാ സുരേന്ദ്രനെ തഴഞ്ഞാണ് ശശികലയെ പാലക്കാട് മല്‍സരിപ്പിക്കുന്നത്. കേരളത്തില്‍ തീവ്ര ഹിന്ദുത്വത്തിന് ഏറ്റവും വളക്കുറുള്ള പാലക്കാടന്‍ മണ്ണില്‍ അതിനൊത്ത സ്ഥാനാര്‍ഥിയാണ് ശശികലയെന്നതാണ് ബിജെപിയുടെ പ്രതീക്ഷ.
ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ പരസ്യ പ്രചാരണത്തിനിറങ്ങിയ ശോഭാ സുരേന്ദ്രനെ പാലക്കാട് നിന്ന് തുരത്താന്‍ സുരേന്ദ്രന് ലോബി കണ്ടെത്തിയ തുരുപ്പ് ചീട്ട് കൂടിയാണ് ശശികല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് മല്‍സരിച്ച ശോഭയെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലേക്ക് മാറ്റിയതും പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് പട്ടികയില്‍ കാട്ടാക്കടയിലാണ് ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നതെന്നാണ് സൂചന.
ശോഭയെ ഒതുക്കുന്നതിനാണ് കാട്ടാക്കടയിലേക്ക് മാറ്റുന്നതെന്നാണ് വിവരം. എന്നാല്‍, ഇതിനോട് ശോഭ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വിജയിച്ചതോടെ ബി.ജെ.പി വിജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് പാലക്കാട്. ാരക്കാട് സീറ്റ് ലഭിക്കാത്ത പക്ഷം ശോഭ സുരേന്ദ്രന് പാര്‍ട്ടി വിടുന്നതുള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലെത്തുമെന്നാണ് അവരുമായി ബന്ദപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയെ കാസര്‍കോട്ടും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കോന്നിയിലും മത്സരിപ്പിക്കാനാണ് കോര്‍ കമ്മിറ്റിയിലെ ധാരണ.
വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരായ ടി.പി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരും മുന്‍ ഐ.എസ്.ആര്.ഒ ചെയര്മാന് ജി. മാധവന് നായരും പട്ടികയിലുണ്ട്.
ഒ. രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കും. കുമ്മനത്തെ ചെങ്ങന്നൂരിലും പരിഗണിക്കുന്നുണ്ട്. മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള തിരിച്ചുവന്നാല്‍ ചെങ്ങന്നൂരിലാകും മത്സരിക്കുക. സുരേഷ് ഗോപിയെ കൊല്ലം മണ്ഡലത്തിലാണ് പരിഗണിക്കുന്നത്. ടി.പി സെന്‍കുമാറിനെ കഴക്കൂട്ടത്തും ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും ജി.മാധവന് നായരെ നെയ്യാറ്റിന്‍കരയിലുമാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലബാറില്‍ ബിജെപിക്ക് വര്‍ധിച്ച സ്വാധീനമുള്ള കോഴിക്കോട് കുന്ദമംഗലത്ത് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിയെ ആണ് പരിഗണിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രവര്‍ഗ്ഗീയ മുഖമുള്ള സ്ഥാനാര്‍ഥികളെ കൂടുതല്‍ രംഗത്തിറക്കാന്‍ ബിജെപി തീരുമാനം; കാസറഗോഡ് അബ്ദുല്ല കുട്ടിയ്ക്ക് സാധ്യത
Read Time:5 Minute, 33 Second