ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കും കൂടെ ഉണ്ടാകുന്ന മംഗൽപാടി ജനകീയവേദിയുടെ വിഷൻ2025 പ്രകാശനവും, ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായുള്ള സംവാദവും സംഘടിപ്പിച്ചു. ഉപ്പള വ്യാപാരി ഭവനിൽ നടന്ന ചടങ്ങ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
വിഷൻ 2025 ബുക്ക്‌ലെറ്റ് പ്രകാശനം പ്രമുഖ വ്യവസായിയും പൗരപ്രമുഖനുമായ ലത്തീഫ് ഉപ്പള ഗേറ്റ് – റിട്ടയേഡ് ഹെഡ് പോസ്റ്റ് മാസ്റ്റർ ഹസൈനാർക്ക് നൽകി പ്രകാശനം ചെയ്തു.
അബൂ തമാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓ. എം. റഷീദ് മംഗൽപാടി ജനകീയവേദിയെ പരിചയപ്പെടുത്തി.സൈനു അഡ്ക്ക, അഷാഫ് മൂസക്കുഞ്ഞി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സിദ്ദിഖ് കൈകമ്പ സ്വാഗതവും, റൈഷാദ് ഉപ്പള നന്ദിയും പറഞ്ഞു.
പ്രമുഖ ജേണലിസ്റ്റ് എബി കുട്ടിയാനം വിഷൻ 2025 പരിചയപ്പെടുത്തുകയും സ്ഥാനാർത്ഥികളുമായി സംവതിക്കുകയും ചെയ്തു.അടുത്ത അഞ്ചു വർഷം മംഗൽപാടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. തങ്ങൾ തങ്ങളുടെ വാർഡുകളിൽ വിജയിക്കുകയാണെങ്കിൽ, നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനുമുതകുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു.കുടിവെള്ള പ്രശ്നവും, മാലിന്യ നിർമാർജ്ജനവും, അഴുക്കു ചാൽ ഇല്ലാത്തതുമാണ് പല വാർഡുകളിലെയും മുഖ്യ പ്രശ്നങ്ങൾ.
ത്രിതല പഞ്ചായത്തിലെ ചില വാർഡുകളിലെയും, ഡിവിഷനിലെയും സ്ഥാനർഥികൾ ചടങ്ങിൽ സംബന്ധിക്കാത്തത് ശ്രദ്ധേയമായി.


