കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു നേരത്തെ ബിസിസിഐ കരുതിയിരുന്നത്. എന്നാല്‍ ഈ സമയമാണ് ടൂര്‍ണമെന്റ് നടത്താനുള്ള താല്പര്യം പ്രകടിപ്പിച്ച് യു എ ഇ രംഗത്തെത്തിയത്. ഇതോടെ ബിസിസിഐ യും ഉഷാറായി.
രണ്ടാം തവണ ഐപിഎല്‍ വേദിയാവാന്‍ അവസരം ലഭിച്ച എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് മനോഹരമായി ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പതിവു പോലെ തന്നെ ഐപിഎല്‍ സംഘടിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും അവര്‍ ഒരുക്കി നല്‍കിയതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണുകളിലൊന്നായി ഇത്തവണത്തേത് മാറി.
ടൂര്‍ണമെന്റിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സിലെ 13 പേര്‍ കോവിഡ് പോസിറ്റീവായെങ്കിലും സെപ്റ്റംബര്‍ 19 ന് ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ഒരാള്‍ക്ക് പോലും കോവിഡ് ബാധയേറ്റില്ല.
ഇതെല്ലാം എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ കൃത്യമായ തയ്യാറെടുപ്പുകളുടെ ഫലമായിരുന്നു.
ഇത്തവണ കോവിഡിനെത്തുടര്‍ന്ന് ഐപിഎല്‍ ഉപേക്ഷിച്ചിരുന്നെങ്കില്‍ 400 കോടി രൂപയിലധികം ബിസിസിഐയ്ക്ക് നഷ്ടം വരുമായിരുന്നു. എന്നാല്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ സഹായത്തോടെ ഇത്തരമൊരു നഷ്ടം സംഭവിക്കുന്നതില്‍ നിന്ന് ബിസിസിഐ രക്ഷപെട്ടു. ഇക്കുറി ഐപിഎല്ലിന്റെ വേദിയായതിന് 100 കോടി ഇന്ത്യന്‍ രൂപ ബിസിസിഐ, എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയെന്നാണ് ഇപ്പോള്‍ ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യു എ ഇ യിലെ അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായിട്ടായിരുന്നു ഇക്കുറി ഐപിഎല്‍ നടന്നത്. 14 മില്ല്യണ്‍ യു എസ് ഡോളറാണ് ഇതിലൂടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ കീശയിലെത്തിയിരിക്കുന്നത്. ഇത്ര വലിയൊരു തുക ലഭിക്കുന്നത് കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിനും വലിയ ആശ്വാസമാകും.