തൃക്കരിപ്പൂര്‍: ലോക സൈക്ലിങ് ഭൂപടത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കാസര്‍കോട്ടുകാരന്‍ കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ഞായറാഴ്ച തിരിച്ചെത്തും. ചെര്‍ക്കള സ്വദേശി സി.എ. മുഹമ്മദ് ഇഖ്ബാലാണ് (42) 46 ദിവസം കൊണ്ട് അപൂര്‍വ നേട്ടം കൈവരിച്ചത്.
ഇഖ്ബാലിന് ജില്ലാ അതിര്‍ത്തിയായ തൃക്കരിപ്പൂരില്‍ കാസര്‍കോട് പെഡലേഴ്‌സ് നേതൃത്വത്തില്‍ പൗരസ്വീകരണം ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് കാസര്‍കോട്ടുനിന്ന് പുറപ്പെട്ട ഇഖ്ബാല്‍ 46 ദിവസം കൊണ്ടാണ് 4500 ഓളം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പര്യടനം നടത്തിയത്. പരിസ്ഥിതി സംരക്ഷണവും മാനവ സൗഹൃദവും ലക്ഷ്യമിട്ടാണ് യാത്ര.
മികച്ച സൈക്ലിങ് ആപ്ലിക്കേഷനായ സ്ട്രാവ സംഘടിപ്പിച്ച, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചര ലക്ഷത്തിലേറെ പേര്‍ അംഗങ്ങളായുള്ള സൈക്ലിങ് ചലഞ്ചില്‍ ഇഖ്ബാല്‍ ആദ്യ 55ല്‍ ഇടംനേടിയിരുന്നു.
ചെര്‍ക്കള ടൗണില്‍ ഡിസൈന്‍ ട്രാക്ക് എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹം കാസര്‍കോട് പെഡലേഴ്‌സിലൂടെ ഏഴുമാസം മുമ്ബാണ് സൈക്ലിങ്ങില്‍ എത്തിച്ചേര്‍ന്നത്. കോവിഡ് അടച്ചുപൂട്ടല്‍ ദിനങ്ങളില്‍ തന്നെത്തന്നെ കണ്ടെത്തുകയായിരുന്നുവെന്ന് ഇഖ്ബാല്‍ പറയുന്നു. ആദ്യദിനം തന്നെ സെഞ്ച്വറിയുമായി മടങ്ങി. യാത്രയില്‍ വിവിധ ജില്ലകളിലെ റൈഡര്‍മാരെ പരിചയപ്പെടാനും സൗഹൃദം വിപുലീകരിക്കാനും സാധിച്ചു. നിയമസഭ സാമാജികന്‍ എന്ന നിലയില്‍ അരനൂറ്റാണ്ട് പിന്നിട്ട ഉമ്മന്‍ ചാണ്ടിയെയും തിരുവനന്തപുരം മേയറെയും പരിചയപ്പെടാന്‍ സാധിച്ചു. മലയോരവും ഇടനാടും തീരദേശവുമൊക്കെ ആസ്വദിച്ചായിരുന്നു യാത്ര. ഇടുക്കിയും വയനാടും പാലക്കാടും മലപ്പുറവുമൊക്കെ ഏറെയും നല്ല കയറ്റങ്ങള്‍ അനുഭവിപ്പിച്ചു.
പരേതനായ കളപ്പുര അഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ: ഫാതിമത്ത് ഫാസില. രണ്ടുമക്കള്‍. കാസര്‍കോട് പെഡലേഴ്സിെന്റ സ്വീകരണം നടന്‍ ഉണ്ണിരാജന്‍ ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂരില്‍ നിന്ന് മഞ്ചേശ്വരം വരെ സൈക്ലിസ്റ്റുകള്‍ അനുഗമിക്കും.