മലപ്പുറം; പെരുമ്ബിലാവ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പൊന്നാനി സ്വദേശിയായ അമാന. ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തേടി ന്യൂസിലാന്റില്‍ നിന്നും എത്തിയ പ്രധാനമന്ത്രിയുടെ കത്താണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ജെസീന്താ ആര്‍ഡെന്റെ ഓഫീസിലേക്ക് അമാന അയച്ച കത്തിനുള്ള മറുപടി കത്താണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇതു രണ്ടാം തവണയാണ് അമാനയെ തേടി പ്രധാനമന്ത്രിയുടെ കത്ത് എത്തുന്നത്. ആദ്യ തവണ ജെസീന്ത നേരിട്ടാണ് കത്തെഴുതിയതെങ്കില്‍ ഇക്കുറി ജെസീന്തയുടെ നിര്‍ദ്ദേശ പ്രകാരം അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് ദിന ഒക്കേബിയയാണ് കത്തയച്ചിരിക്കുന്നത് എന്നു മാത്രം.
പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് വിജയാശംസകള്‍ നേര്‍ന്നും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയം കണ്ടതില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചും അമാന അയച്ച കത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ വന്നത്. കത്ത് കിട്ടിയ വൈകുന്നേരത്തോടെ ജസീന്ത ആര്‍ഡന്റെ പാര്‍ട്ടി മികച്ച വിജയം നേടി ഭരണത്തുടര്‍ച്ച സാധ്യമാക്കിയതിലുള്ള വാര്‍ത്ത പുറത്തു വരികയും ചെയ്തു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കത്തയച്ചിരിക്കുന്നതെന്നും പ്രത്യേകം പറയുന്നുണ്ട്.
തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള തിരക്കിലായതിനാലാണ് പ്രധാനമന്ത്രി നേരിട്ട് കത്തെഴുതാത്തതെന്നും പരാമര്‍ശമുണ്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ ജസീന്ത സ്വീകരിച്ച ധീരമായ നിലപാടുകളെ പ്രശംസിച്ച് അമാന എഴുതിയ കത്തിനാണ് ആദ്യ മറുപടി വന്നത്. ആദ്യത്തെ കത്ത് ജസീന്തയുടെ വ്യക്തിപരമായ വിശേഷങ്ങള്‍ക്ക് മറുപടി നല്‍കിയും കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുമുള്ളതായിരുന്നു. ജസീന്തയുടെ മകളെ കുറിച്ചുള്ള അമാനയുടെ അന്വേഷണത്തിന് ആദ്യ കത്തില്‍ കൃത്യമായ മറുപടി ഉണ്ടായിരുന്നു. അമാനക്ക് അന്നു ലഭിച്ച മറുപടി ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
ന്യൂസിലാന്റിലെ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായിരുന്നു. ഇതിനു ശേഷം ജസീന്തയുടെ ഓഫീസില്‍ നിന്ന് തുടര്‍ച്ചയായി ഇമെയില്‍ സന്ദേശങ്ങള്‍ അമാനക്ക് ലഭിച്ചിരുന്നു. ന്യൂസിലാന്റില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികള്‍, വികസന പ്രവര്‍ത്തനങ്ങള്‍, ലേബര്‍ പാര്‍ട്ടിയുടെ കാമ്ബയിനുകള്‍ എന്നിവ ഇമെയില്‍ വഴി തുടര്‍ച്ചയായി ലഭിച്ചു.കൊവിഡിനെ തുരുത്തിയതില്‍ ന്യൂസിലാന്റ് സാദ്ധ്യമാക്കിയ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനമറിച്ചാണ് അമാന രണ്ടാമത് കത്തയച്ചത്.
കത്തിനുള്ള മറുപടി ഓഗസ്റ്റ് 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തിരുന്നെങ്കിലും വെള്ളിയാഴ്‌ച്ചാണ് പൊന്നാനിയിലെത്തിയത്. കോവിഡ് കാരണമുള്ള കാലതാമസമാണ് കത്ത് ലഭിക്കുന്നത് വൈകാന്‍ കാരണമായതെങ്കിലും, കത്ത് കൈപ്പറ്റിയത് ജസീന്തയുടെ വിജയാഹ്ലാദ ദിനത്തിലായെന്നത് അമാനക്ക് ഇരട്ടി മധുരമാണ് നല്‍കിയത്. പെരുമ്ബിലാവ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പൊന്നാനി സ്വദേശിയായ അമാന. മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.കെ.അഷ്‌റഫിന്റെയും വഹീദയുടേയും മകളാണ്.