വരുന്നു ഐഫോണ്‍ മിനി! എന്തായിരിക്കും വില?

വരുന്നു ഐഫോണ്‍ മിനി! എന്തായിരിക്കും വില?

0 0
Read Time:7 Minute, 43 Second

ആപ്പിളിന്റെ ഈ വര്‍ഷത്തെ ഐഫോണ്‍ 12 സീരിസിലെ ബേബിയുടെ പേര് ഐഫോണ്‍ മിനി എന്നാകാമെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു. സാധാരണഗതിയില്‍ സെപ്റ്റംബറില്‍ നടത്തിവന്നിരുന്ന ഇവന്റിലാണ് ഓരോ വര്‍ഷത്തെയും പ്രീമിയം ഐഫോണുകള്‍ അവതരിപ്പിച്ചിരുന്നത്. ഈ വര്‍ഷം ഒക്ടോബറിലായിരിക്കും പുതിയ പ്രീമിയം മോഡലുകള്‍ അവതരിപ്പിക്കുക എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഐഫോണ്‍ 12 പ്രോ മാക്‌സിനായിരിക്കും താരത്തിളക്കമെങ്കിലും, ഈ വര്‍ഷം ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്ന പ്രീമിയം ഫോണുകളിലെ ഏറ്റവും വലുപ്പം കുറഞ്ഞ മോഡലിലാണ് ഇപ്പോള്‍ പലരുടെയും ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. ഐഫോണ്‍ മിനി എന്നു വിളിച്ചേക്കാവുന്ന ഈ മോഡലില്‍ എന്തെല്ലാം മികവായിരിക്കും കമ്പനി ഒളിപ്പിച്ചിരിക്കുക എന്ന ജിജ്ഞാസയാണ് എല്ലാവരും പ്രകടിപ്പിക്കുന്നത്. ഔദ്യോഗികമായി ഇത്തരം പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ നമുക്കു പരിശോധിക്കാം:
പതിവിനു വിപരീതമായി ഈ വര്‍ഷം നാല് ഐഫോണ്‍ മോഡലുകളായിരിക്കും കമ്പനി പുറത്തിറക്കുക എന്ന് മാസങ്ങളായി കേള്‍ക്കുന്നു. ഇപ്പോള്‍ പുറത്തുവന്ന സിലിക്കണ്‍ കെയസ് സ്റ്റിക്കറുകളിലെ പേര് വായിച്ചെടുത്ത് ഡുവാന്റുയി എന്ന ഉപയോക്താവാണ് കുഞ്ഞന്‍ ഐഫോണിന്റെ പേരിലേക്ക് സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ ശ്രദ്ധ ക്ഷണിച്ചത്. (ഇത് ശരിയായിരിക്കണമെന്നില്ല.) ഈ വര്‍ഷത്തെ ഹാന്‍ഡ്‌സെറ്റുകളുടെയെല്ലാം പേരുകള്‍ കെയ്‌സുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അതുപ്രകാരം ഫോണുകളുടെ പേരുകള്‍ ഐഫോണ്‍ 12, പ്രോ മാക്‌സ്, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 എന്നിവ കൂടാതെ ഐഫോണ്‍ മിനിയും കാണാമെന്നാണ് ഡുവാന്റുയിയുടെ കണ്ടെത്തല്‍.
ആപ്പിളിനെ സംബന്ധിച്ച് മിനി നാമകരണം പുത്തരിയല്ല. ഐപാഡ് മിനി, ഐപോഡ് മിനി, മാക് മിനി തുടങ്ങിയ ഉപകരണങ്ങളെല്ലാം കമ്പനി പുറത്തിറക്കിയിരിക്കുന്നതിനാല്‍ മിനി എന്ന പേരുമായി ഐഫോണ്‍ എത്തുന്നതില്‍ പ്രത്യേകിച്ച് സാധ്യതക്കുറവൊന്നും കാണാനാവില്ല. ഐഫോണുകളുടെ വലുപ്പം കൂടിപ്പൊയ്‌ക്കോണ്ടേയിരിക്കുന്നു എന്നു പരാതിയുള്ള ഒരു കൂട്ടം ഉപയോക്താക്കള്‍ ഉണ്ട്. ഐഫോണ്‍ എസ്ഇ വേണമെങ്കില്‍ പരിഗണിക്കാമെങ്കിലും അതിന് ഏറ്റവും പുതിയ ഹാര്‍ഡ്‌വെയര്‍ മികവില്ല എന്നു കാണാം. ഡിസൈന്‍ പഴഞ്ചനാണ്. ആപ്പിളിന്റ ഫ്‌ളാഗ്ഷിപ് ഫോണ്‍ 5.4-ഇഞ്ച് വലുപ്പത്തില്‍ കൈയ്യില്‍ വയ്ക്കാനാഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് പുതിയ ഫോണിറക്കുന്നതത്രെ.
∙ വിലക്കുറവൊന്നും പ്രതീക്ഷിക്കേണ്ട!
ഐഫോണ്‍ എസ്ഇയില്‍ കണ്ടതു പോലെയുള്ള വിലക്കുറവൊന്നും ഐഫോണ്‍ മിനിക്കു പ്രതീക്ഷിക്കേണ്ടെന്നും പറയുന്നു. എന്നാല്‍, ഈ മോഡല്‍ 5ജി ആയിരിക്കുമോ? ആദ്യമായാണ് ആപ്പിള്‍ 5ജി ഫോണുകള്‍ അവതരിപ്പിക്കുന്നത്. 5ജി ഐഫോണുകള്‍ വരുന്നതോടെ ലോകമെമ്പാടും 5ജി വ്യാപനത്തിന് ആക്കം കൂട്ടുമെന്നും കരുതുന്നവരുണ്ട്. എന്നാല്‍, ഐഫോണ്‍ മിനി 4ജി ആകാനുള്ള സാധ്യതയും ഉണ്ട്. ചിലപ്പോള്‍ എല്ലാ മോഡലുകള്‍ക്കും 5ജി വേരിയന്റുകളും ഉണ്ടാകാം. 5ജിയുള്ള ഐഫോണ്‍ 12 പ്രോ, പ്രോ മാക്‌സ് എന്നീ ഫോണുകള്‍ക്ക് 100 ഡോളറെങ്കിലും അധികമായി ആപ്പിള്‍ വാങ്ങുമെന്നു പറയുന്നവരും ഉണ്ട്. സൂപ്പര്‍ഫാസ്റ്റ് 5ജി ആന്റിനയാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാതാണ് കാരണം. എന്തായാലും, ഐഫോണ്‍ 12 മിനിയുടെ വില 699 ഡോളറായിരിക്കുമെന്നു പറയുന്നു. (ഐഫോണ്‍ എസ്ഇ 2020യുടെ തുടക്ക മോഡലിന് 399 ഡോളറാണ് വില.) പുതിയ ഡിസൈന്‍ ആയിരിക്കും ഐഫോണ്‍ 12ന്റെ ആകര്‍ഷണീയതകളിലൊന്ന്. ഇതായിരുന്നു ഐഫോണ്‍ 11ന്റെ വില. ഈ വര്‍ഷം ഐഫോണ്‍ 12നും വില വര്‍ധിപ്പിച്ചു. എന്നാല്‍, ആ വില വര്‍ധന അത്ര ശ്രദ്ധിക്കപ്പെടാതിരിക്കാനായി പുതിയൊരു ഫോണ്‍ ഇറക്കുകയാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്നു പറയുന്നവരുമുണ്ട്. എന്നാല്‍, പുതിയ ഫോണുകള്‍ക്കെല്ലാം ഓലെഡ് ഡിസ്‌പ്ലെ ആയിരിക്കുമെന്നത് ഒരു അപ്‌ഗ്രേഡായി കാണാമെന്നു വാദിക്കുന്നവരുമുണ്ട്.
∙ ഐഫോണ്‍ 12 മിനിക്കു ശക്തിപകരുന്നത് എ14 ചിപ്‌സെറ്റ്
ഐഫോണ്‍ 12 മിനിയുടെ കെയ്‌സിങ് അലൂമിനിയമായിരിക്കുമെന്നു പറയുന്നു. പക്ഷേ, അതിനും ആപ്പിളിന്റെ ഏറ്റവും പുതിയതും ശക്തവുമായ എ14 ബയോണിക് ചിപ്‌സെറ്റ് ആയിരിക്കും ശക്തി പകരുക. ഫോണിന് ഓലെഡ് സ്‌ക്രീന്‍ തന്നെയായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇരട്ട പിന്‍ ക്യാമറകളും പ്രതീക്ഷിക്കുന്നു. നേര്‍ത്ത നോച്ചും ഉണ്ടായിരിക്കുമെന്നുമാണ് പ്രതീക്ഷ. എൊപഡ് പ്രോയുടേതു പോലെ കൂടുതല്‍ ഫ്‌ളാറ്റായ അരികുകളും പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഒരു പ്രീമിയം ഐഫോണ്‍ മോഡലിനൊപ്പവും ചാര്‍ജര്‍ ലഭിക്കില്ലെന്നും പറയുന്നു. വേണമെന്നുള്ളവര്‍ അത് വേറെ വില നല്‍കി വങ്ങണം.
∙ എന്നായിരിക്കും ഐഫോണ്‍ 12 മിനിയുടെ അവതരണം?
ഐഫോണ്‍ 12 മിനിക്കുമാത്രമായി ഒരു അവതരണമുണ്ടായേക്കില്ല. ഐഫോണ്‍ 12 സീരിസിലെ മറ്റു മൂന്നു ഫോണുകള്‍ക്കുമൊപ്പമായിരിക്കണം അതും പുറത്തിറക്കുക. ഒന്നിലേറെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇവയെല്ലാം ആപ്പില്‍ ഒക്ടോബര്‍ 13നു പുറത്തിറക്കുമെന്നാണ്. ഈ വര്‍ഷം നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ചാല്‍ തിയതി മാറിയാലും അദ്ഭുതപ്പേടേണ്ട. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവ ഒക്ടോബര്‍ അവസാനം വിപണിയിലെത്തുമെന്നു കരുതുന്നു. പ്രോ മോഡലുകള്‍ നവംബറില്‍ എപ്പോഴെങ്കിലുമായിരിക്കും വില്പ്പനയക്കെത്തുക എന്നും പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!