കൊല്‍ക്കത്ത: ഇന്ത്യന്‍ക്രിക്കറ്റ് ടീം മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്‍റമായ സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍ . ഹോം ക്വാറന്റൈനിലാണ് ഗാംഗുലി ഇപ്പോള്‍ കഴിയുന്നത് . തന്റെ മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച വൈകീട്ട് സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍ പ്രവേശിച്ചത്.. ഇദ്ദേഹത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ഉണ്ടായിരുന്നതായി പറയുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ജൂലെെ എട്ടിനായിരുന്നു സൗരവ് ഗാംഗുലിയുടെ ജന്മദിനം. അന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സൗരവ് ജന്മദിനം ആഘോഷിച്ചത്.ചൊവ്വാഴ്ച്ച കോവിഡ് പോസിറ്റീവ് ആയ സൗരവിന്റെ മൂത്ത സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലിയും അന്നത്തെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പത്ത് ദിവസത്തെ നിരീക്ഷണത്തില്‍ സൗരവ് കഴിയേണ്ടിവരും. ബെല്ലെ വ്യൂ ആശുപത്രിയിലാണ് സ്‌നേഹാഷിഷ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത് . സ്‌നേഹാഷിഷിന്റെ ഭാര്യയ്‌ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്‌നേഹാഷിഷ് ബെഹ്‌ലയിലുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. സൗരവ് ഗാംഗുലി താമസിക്കുന്നത് ഇവിടെയാണ്.