“സപ്തഭാഷാ സംഗമഭൂമിയോട് മാപ്പർഹിക്കാത്ത ക്രൂരത”. താലൂക്ക് ആശുപത്രി കിഫ്ബിയിലൂടെ സജ്ജമാക്കണം
കാസറഗോഡ് : കേരളത്തിൻ്റെ വടക്കേ അറ്റത്തെ ജില്ലയായ കാസറഗോഡിൻ്റെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പുതിയ താലൂക്ക് പ്രദേശമാണ് മഞ്ചേശ്വരം. സപ്ത ഭാഷാ സംഗമ ഭൂമിയെന്ന് ആലങ്കാരികമായി പറയുകയല്ല. മലയാളം, കന്നട, ഹിന്ദി, ഉർദു, തുളൂ, മറാത്തി കൊങ്ങിണി, ബ്യാരി തുടങ്ങി പത്തോളം ഭാഷകൾ സംസാരിക്കുന്ന 3.17 ലക്ഷം ജനങ്ങൾ ഇവിടെയുണ്ട്. സർക്കാർ വകയുള്ളത് കേവലം ഒരു ആർട്സ് കോളേജ് മാത്രം – – – – – – – – – – ബാക്കി നിങ്ങൾ പൂരിപ്പിക്കുക.
8 ഗ്രാമ പഞ്ചായത്തുകളും 1 ബ്ലോക്ക് പഞ്ചായത്തും അടങ്ങുന്നതാണ് മഞ്ചേശ്വരം. രാഷ്ട്രീയ, സാംസ്ക്കാരിക , സാമൂഹ്യ മേഖലയിൽ വളരെ മുന്നിൽ നിൽക്കുകയാണ് ഇവിടത്തെ നിഷ്ക്കളങ്ക സ്നേഹികളായ ജനങ്ങൾ. എല്ലാ സ്ഥലങ്ങളിലുള്ളത് പോലെ സാമ്പത്തിക ഞെരുക്കമുള്ളവരുണ്ടെങ്കിലും ബിസിനസും കൃഷിയും കൈമുതലാക്കി സാമാന്യം ധനശേഷിയുള്ളവർ തന്നെയാണ് ഇവിടെയുള്ളത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾ തൊഴിലിനായി കാത്തിരിക്കുന്നവർ നിരവധിയുണ്ട്.
എല്ലാത്തിനും പെട്ടന്ന് ആശ്രയിക്കുന്നത് മംഗലാപുരത്തെ പട്ടണമാണ്. അത് കൊണ്ട് തന്നെ കോവിഡ്-19 ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കർണ്ണാടക അതിർത്തി മണ്ണിട്ട് അടച്ചപ്പോൾ പൊലിഞ്ഞ് പോയത് 21 ജീവനുകളാണ്.
. ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണം കൊണ്ട് മംഗൽപ്പാടി പഞ്ചായത്തിൻ്റെ ആസ്ഥാന കേന്ദ്രമായ ഉപ്പളയിലെ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ ആവശ്യമായ ബിൽഡിംഗ് നൽകി സൗകര്യമൊരുക്കി. ഇപ്പോൾ അത് താലൂക്ക് ആശുപത്രിയായി ഉയർത്തി. പക്ഷേ CHC യുടെ സൗകര്യം പോലുമില്ല.
താലൂക്ക് ആശുപത്രിയിൽ അനുവദനീയമായ എല്ലാ സൗകര്യങ്ങളും ഇവിടത്തെ ജനങ്ങളുടെ അവകാശമാണ്. അത് ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികളുടെ കടമയാണ്.
ഒരു താലൂക്ക് ആശുപത്രിയുടെ മാത്രം ആവശ്യമാണ് ഇവിടെ ഉന്നയിച്ചത് കാരണം അതെങ്കിലും അവഗണിക്കില്ലെന്ന പ്രതീക്ഷയിൽ.
ഡയാലിസിസ് ചെയ്യേണ്ട രോഗികൾ പെരുകുന്നു. ഡയാലിസിസ് മെഷീനുകളും സെൻ്ററും തയ്യാറാവണം. കാർഡിയോളജി & നൂറോളജി വിദഗ്ദരുടെ സേവനം അനിവാര്യമാണ് അങ്ങനെ അടിയന്തിര ആവശ്യങ്ങൾ അതിവേഗം ഈ കേന്ദ്രത്തിൽ ഒരുക്കേണ്ടതിനാൽ സർക്കാർ കിഫ്ബി മുഖേന പദ്ധതി നടപ്പാക്കുകയാണ് അഭികാമ്യം.
“മംഗൽപാടി ജനകീയ വേദി ” പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടത്തുന്ന സമരത്തിന് മനുഷ്യാവകാശ സംരക്ഷണ സംഘടനയെന്ന നിലയിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRPM) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ നൽകുന്നു. ജീവൻ രക്ഷിക്കാനുള്ള ധർമ്മ സമരമായിട്ടാണ് ഇതിനെ കാണുന്നതെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ HRPM കാസറഗോഡ് ജില്ല പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അറിയിച്ചു.