ന്യൂഡല്‍ഹി: വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ച എയര്‍ ഇന്ത്യ വിമാനം പറത്തിയത് വനിത പൈലറ്റ്. ക്യാപ്റ്റന്‍ സ്വാതി റാവലിനാണ് റോമില്‍ നിന്നുള്ള 263 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ദൗത്യം ലഭിച്ചത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനത്തിലെ പൈലറ്റായിരുന്നു സ്വാതി റാവല്‍.
ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെ എത്തിയതോടെ രക്ഷാദൗത്യങ്ങളില്‍ ഏര്‍പ്പെടുന്ന വിമാനം പറത്തിയ ആദ്യ വനിത എന്ന നേട്ടവും സ്വാതിയെ തേടിയെത്തി. മാര്‍ച്ച് 20നാണ് രക്ഷാദൗത്യത്തിനായി പോകുന്ന എയര്‍ ഇന്ത്യ വിമാനം പറത്താന്‍ സ്വാതിക്ക് ക്ഷണം ലഭിച്ചത്. എന്നാല്‍, തന്റെ അഞ്ച് വയസുകാരനായ മകനേയും 18 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനേയും ഓര്‍ത്തപ്പോള്‍ ഒരു നിമിഷം ക്ഷണം സ്വീകരിക്കണോ എന്ന കാര്യം ആലോചിച്ചെന്ന് സ്വാതി പറഞ്ഞു.
‘എനിക്ക് മറുപടി നല്‍കാന്‍ വെറും 5 സെക്കന്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, സ്വന്തം കുടുംബത്തെ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ആ 263 പേരെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പിന്നെ ഒന്നും ആലോചിക്കാതെ ക്ഷണം സ്വീകരിച്ചു. തൊട്ടടുത്ത ദിവസമാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. വീടുവിട്ട് ഇറങ്ങുന്നതിനു മുന്‍പായി രണ്ട് മക്കളേയും ചേര്‍ത്തുപിടിച്ച് ഉമ്മ നല്‍കിയ ശേഷം യത്ര പറഞ്ഞു’. സ്വാതി പറഞ്ഞു.
വിമാനം പുറപ്പെട്ടപ്പോള്‍ തനിക്ക് ചെറിയ ഭയം തോന്നിയെന്നും വിമാനത്തില്‍ യാത്രക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും സ്വാതി പറഞ്ഞു. 8 മണിക്കൂറുകളോളം നിശബ്ദത മാത്രമായിരുന്നു. എന്നാല്‍, മടക്ക യാത്രയില്‍ യാത്രക്കാര്‍ കയറിയതോടെ ഭയാനകമായ അന്തരീക്ഷം മാറിമറിഞ്ഞു. ഒരു നിമിഷത്തേക്ക് എങ്കിലും ലോകത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് തോന്നിപ്പോയി. തിരിച്ചെത്തിയ ശേഷം, യാത്രക്കാര്‍ എല്ലാവരും മടങ്ങുന്നതിനു മുന്‍പ് തങ്ങളുടെ അടുത്തെത്തി സന്തോഷം പങ്കുവെച്ചെന്നും സ്വാതി പറഞ്ഞു.
എന്നാല്‍ തിരികെ എത്തിയ തന്നെ കെട്ടിപ്പിടിക്കാനായി മക്കള്‍ ഓടി എത്തിയെങ്കിലും അമ്മക്ക് ഇപ്പോള്‍ അതിന് സാധിക്കില്ലെന്ന് പറഞ്ഞ് ഇരുവരേയും തടഞ്ഞെന്നും മകളുടെ കരച്ചില്‍ തനിക്ക് സഹിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നെന്നും സ്വാതി പറഞ്ഞു. തുടര്‍ന്ന് 14 ദിവസം ക്വാറന്റെയ്‌നില്‍ കഴിഞ്ഞ ശേഷമാണ് സ്വാതി മക്കളെ കണ്ടത്. എന്നാല്‍, തന്റെ മാതൃരാജ്യത്തെ ജനങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ഇനി എത്ര വിമാനങ്ങള്‍ വേണമെങ്കിലും പറത്താന്‍ താന്‍ തയ്യാറാണെന്നും സ്വാതി റാവല്‍ അഭിമാനത്തോടെ അറിയിച്ചു.